ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഹോര്‍മുസ്
കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഇന്ത്യയും ഇറാനും നടത്തുന്ന
നയതന്ത്ര ചര്‍ച്ചകള്‍ വിജയകരമായി മുന്നേറുകയാണ്. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍
പങ്കുവെച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ വ്യക്തമാക്കി. ഇറാനുമായുള്ള
നേരിട്ടുള്ള ചര്‍ച്ചകള്‍ ഫലം നല്‍കുന്നുണ്ടെന്നും അതിലൂടെ ഇന്ത്യയിലേക്കുള്ള എല്‍പിജി
വിതരണം സുഗമമാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ
എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഈ ജലപാത വീണ്ടും
തുറക്കാന്‍ സഹായിക്കുന്നതിനായി ഇറാനുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും
ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ജയ്ശങ്കര്‍ പറഞ്ഞു. നിലവില്‍
ഇന്ത്യയുടെ രണ്ട് ഇന്ധനക്കപ്പലുകള്‍ ഈ പാതയിലൂടെ സുരക്ഷിതമായി യാത്ര തിരിച്ചത്
സമാധാനപരമായ ചര്‍ച്ചകളുടെ ഫലമായാണ് രാജ്യം കണക്കാക്കുന്നത്.
.ഓരോ കപ്പലിന്റെയും നീക്കം
പ്രത്യേകമായി പരിശോധിച്ചാണ് അനുമതി ലഭ്യമാക്കുന്നതെന്നും മറ്റ് വിദേശ രാജ്യങ്ങള്‍ക്കും
ഈ നയതന്ത്ര മാതൃക പിന്തുടരാവുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയുടെ ഊര്‍ജ്ജ
സുരക്ഷ ഉറപ്പാക്കാന്‍ ഇറാനുമായുള്ള സജീവമായ ബന്ധം അത്യന്താപേക്ഷിതമാണ് എന്നും
അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഞാന്‍ ഇപ്പോഴും അവരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്, ചര്‍ച്ചകള്‍
ഫലം കണ്ടുതുടങ്ങിയിട്ടുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ചര്‍ച്ചകള്‍
ഉദ്ദേശിക്കുന്ന ഫലം നല്‍കുന്നുണ്ടെങ്കില്‍,
സ്വാഭാവികമായും അത് തുടരും.' അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ക്ക്
ഇന്ത്യ മുന്‍ഗണന നല്‍കുന്നുണ്ടെന്നും നിലവിലെ സാഹചര്യം പരിഹരിക്കുന്നതിന്
ഇറാനുമായുള്ള തുടര്‍ച്ചയായ ഇടപെടലാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമെന്ന് ഇന്ത്യ
വിശ്വസിക്കുന്നതായും ജയ്ശങ്കര്‍ പറഞ്ഞു. 'ഇന്ത്യയുടെ കാഴ്ചപ്പാടില്‍,
ഈ വിഷയത്തില്‍ ഇടപെടാതിരിക്കുന്നതിനേക്കാള്‍ നല്ലത് നാം
യുക്തിസഹമായി ചിന്തിക്കുകയും ഏകോപിപ്പിക്കുകയും ഒരു പരിഹാരം കണ്ടെത്തുകയും
ചെയ്യുന്നതാണ്.'
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇന്ത്യയുടെ ഈ സമീപനം,
മറ്റുള്ളവര്‍ക്കും ഇത്തരം ഇടപെടലുകള്‍ നടത്താന്‍ സാഹചര്യം
ഒരുക്കുമെങ്കില്‍,
അത് ലോകത്തിന് ഗുണകരമാകും.' അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളുടെ
ഇതുവരെയുള്ള ഫലങ്ങള്‍ ഇന്ത്യക്ക് അനുകൂലമാണെങ്കിലും, ചര്‍ച്ചകള്‍ ഇപ്പോഴും
നടന്നു വരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നയതന്ത്ര ഇടപെടലിലൂടെയുള്ള
പുരോഗതിയുടെ ഉദാഹരണമായി,
ശനിയാഴ്ച രണ്ട് ഇന്ത്യന്‍ പതാക ഘടിപ്പിച്ച ലിക്വിഫൈഡ്
പെട്രോളിയം ഗ്യാസ് (എല്‍പിജി) വാഹക കപ്പലുകള്‍ കടലിടുക്കിലൂടെ കടന്നുപോയ കാര്യം
ജയ്ശങ്കര്‍ ചൂണ്ടിക്കാട്ടി. ശിവാലിക്,
നന്ദാ ദേവി എന്നീ കപ്പലുകള്‍ ഏകദേശം 92,712
മെട്രിക് ടണ്‍ എല്‍പിജിയുമായാണ് ഇന്ത്യയിലേക്ക് വരുന്നത്. ഇവ മുന്ദ്ര, കണ്ട്‌ല
തുറമുഖങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും, ഇന്ത്യന്‍
പതാകയുള്ള കപ്പലുകളുടെ കാര്യത്തില്‍ ഇറാനുമായി ഇന്ത്യ ഒരു 'പൊതുവായ
കരാറില്‍' എത്തിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ജയ്ശങ്കറിന്റെ അഭിപ്രായത്തില്‍, ചര്‍ച്ചകള്‍
തുടരുന്നതിനാല്‍ കപ്പലുകളുടെ നീക്കം ഓരോ കേസും പ്രത്യേകം പരിഗണിച്ചാണ് കൈകാര്യം
ചെയ്യുന്നത്.
ചര്‍ച്ചകള്‍ നിലനിര്‍ത്തുന്നതിലാണ്
ന്യൂഡല്‍ഹിയുടെ സമീപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, ഇറാനുമായുള്ള
ഓരോ രാജ്യത്തിന്റെയും ഇടപെടല്‍ അതത് രാജ്യങ്ങളുടെ സാഹചര്യങ്ങളെ
ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും സമാനമായ
ക്രമീകരണം പിന്തുടരാനാകുമോ എന്ന ചോദ്യത്തിന്,
ഇറാനുമായുള്ള ഓരോ രാജ്യത്തിന്റെയും ഇടപെടല്‍ അവരുടെ സ്വന്തം
സാഹചര്യങ്ങളാല്‍ രൂപപ്പെട്ടതാണെന്ന് ജയശങ്കര്‍ പറഞ്ഞു. നേരിട്ടുള്ള താരതമ്യങ്ങള്‍
ബുദ്ധിമുട്ടാണെങ്കിലും,
ഇറാനുമായി ആശയവിനിമയ ചാനലുകള്‍ നിലനിര്‍ത്തുന്ന യൂറോപ്യന്‍
രാജ്യങ്ങളുമായി ഇന്ത്യയുടെ സമീപനം പങ്കിടാന്‍ തയ്യാറാണെന്നും അദ്ദേഹം
വ്യക്തമാക്കി. യുഎസ്-ഇറാന്‍ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യക്ക്
സാധിക്കുമെന്ന് അന്താരാഷ്ട്ര നിരീക്ഷകരടക്കം വിലയിരുത്തുന്ന സാചര്യമാണ്
ഇപ്പോഴുള്ളത്. അതിനിടെ ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമാക്കാന്‍ ഇന്ത്യ
സഹായിച്ചേക്കുമെന്ന് സൂചിപ്പിച്ച് യുഎസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ്
വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് വിഷയത്തില്‍ മറ്റ് രാജ്യങ്ങളെ സമീപിക്കുകയാണ്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപെന്ന് റൈറ്റ് പറഞ്ഞു. യുഎസിനെ സഹായിക്കാന്‍
പ്രതിജ്ഞാബദ്ധമായ ചില രാജ്യങ്ങളെക്കുറിച്ച് ട്രംപ് തന്നോട് പറഞ്ഞതായി റൈറ്റ്
അവകാശപ്പെട്ടു. ഈ രാജ്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കവെയാണ് ഇന്ത്യയുടെ കാര്യവും
റൈറ്റ് സൂചിപ്പിച്ചത്.

EmoticonEmoticon